ശബരിമല:കനത്ത പ്രതിഷേധത്തിനൊടുവിൽ യുവതിൽ പോലീസ് കാവലിൽ മലയിറങ്ങുന്നു.അവിശ്വാസികൾ മലകയറിയാൽ നട അടച്ചിടുമെന്ന് തന്ത്രി വ്യക്തമാക്കിയതിനെതുടര്‍ന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും മലയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്.യുവതികളുമായി സന്നിധാനത്തുനിന്നും തിരിച്ചിറങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. എത്തിയത് ഭക്തര്‍ അല്ലെന്നും അതിനാല്‍ അവരെ തിരിച്ചിറക്കണം എന്നുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് യുവതികളുമായി പൊലീസ് തിരിച്ച് പമ്ബയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. കൂകി വിളിച്ചാണ് തിരിച്ചിറങ്ങുന്ന യുവതികളെ സമരക്കാര്‍ വരവേല്‍ക്കുന്നത്. യുവതികള്‍ക്ക് നേരെ അക്രമം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഇവര്‍ക്ക് വീട് വരെ സുരക്ഷ ഒരുക്കും എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.യുവതികൾ പ്രവേശിക്കുന്നത് തടയാനായി പരികര്‍മികളും പതിനെട്ടാം പടിക്ക് താഴെ നിന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ മന്ത്രങ്ങളുമായി പതിനെട്ടാം പടിയില്‍ കയറാൻ കഴിയാത്ത വിധമാണ് പരികര്‍മിമാര്‍ പ്രതിഷേധം നടത്തിയത്.അതേസമയം, തിരിച്ചുപോകാതെ നിവൃത്തിയില്ലെന്നാണ് രഹന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞത്. മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട് എങ്കിലും സാധിക്കുന്നില്ല എന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു.