പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.അതേസമയം ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് നിലക്കലില്‍ ഇന്ന് സമരം വീണ്ടും ശക്തമാക്കും. ഇന്നലെ നടന്ന പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥ സൃഷിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് നിലക്കലില്‍ ഒരുക്കിയിട്ടുള്ളത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ ഇന്ന് നിരവധി പ്രതിഷേധ സമരങ്ങൾക്കാണ് വിവിധ സമിതികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്ബയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്ബയില്‍ തന്ത്രികുടുംബത്തിന്റെ പ്രാര്‍ത്ഥനാസമരം ആരംഭിക്കും. അതിനിടെ ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും പക്ക സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.