കാസർകോഡ്:വിദ്യാർത്ഥികളിൽ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ ആറ് വിദ്യാർത്ഥികൾക്കും സംസ്ഥാനസർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു.സമരത്തിനിടെ പുറത്തുനിന്നും വന്നവർ അക്രമം നടത്തിയെന്നും അതിനാൽ ക്ലാസ് നടത്താൻ കഴിയുന്നില്ലെന്നും കാണിച്ച് സർവകലാശാലയ്ക്ക് വേണ്ടി രജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണനാണ് പരാതി നൽകിയിരിക്കുന്നത്. സർവ്വകലാശാലയ്ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ പുറത്താക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഖിൽ താഴത്ത്,എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം.വി രതീഷ്,സെക്രെട്ടറി ശ്രീജിത്ത് രവീന്ദ്രൻ,സർവകലാശാല യൂണിറ്റ് സെക്രെട്ടറിയായിരുന്ന അനഘ്,അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകൻ സുഹൈൽ,തുഫായിൽ,സോനു.എസ്.പാപ്പച്ചൻ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കല്കട്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പകരം സർവകലാശാല അധികാരികൾ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ക്ലാസുകൾ പുനരാരംഭിക്കാൻ തയ്യാറായിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇതിനെതിരെ വിദ്യാത്ഥികൾ കുടിൽകെട്ടി സമരം അടക്കമുള്ളവ നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.