കൊച്ചി:തൃശ്ശൂരിലെയും കൊച്ചിയിലെയും എടിഎം കവർച്ചയ്ക്ക് പിന്നൽ മൂന്നംഗ പ്രൊഫഷണൽ സംഘമെന്ന് പോലീസ് നിഗമനം.അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽ നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി അവിടെ കവര്‍ച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്.പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകള്‍ ഏത് രീതിയില്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു.മാത്രമല്ല കാവല്‍ക്കാരനില്ലാത്ത എടിഎമ്മുകളാണ് കവര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്.രാത്രി 11.30-നാണ് ഏറ്റവും ഒടുവില്‍ ഇരുമ്പനത്തെ എടിഎമ്മിൽ നിന്നും പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ അര്‍ധരാത്രി 12ന് ശേഷമാണ് ഇവിടെ കവര്‍ച്ച നടന്നതെന്ന് പോലീസ് കരുതുന്നു.ഇവിടെ കവർച്ച നടത്തി 25 ലക്ഷം മോഷ്ടിച്ച സംഘം ദേശീയപാത വഴി കൊരട്ടിയില്‍ എത്തിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 10 ലക്ഷം കവർന്നതെന്നും കരുതുന്നു. ഇവിടെ പുലര്‍ച്ചെ മൂന്നിന് ശേഷമാണ് കവര്‍ച്ചയുണ്ടായത്. രണ്ടു കവര്‍ച്ചകള്‍ക്കും നിരവധി സമാന സ്വാഭാവങ്ങളുണ്ടെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എടിഎമ്മുകളിലെ സിസിടിവി കാമറയില്‍ പെയിന്റ് പോലെയൊരു ദ്രാവകം ഒഴിച്ച ശേഷമാണ് സംഘം മോഷണം നടത്തിയത്. രണ്ടു എടിഎം മെഷീനുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. ഇരുമ്പനത്തെ സിസിടിവി കാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും കൊരട്ടിയില്‍ നിന്നും സംഘത്തിലെ ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.50-നുള്ള ദൃശ്യമാണിത്. പ്രദേശത്തെ മറ്റ് സിസിടിവികളില്‍ പരിശോധന തുടരുകയാണ്.കാറിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ വ്യാപക അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.