കണ്ണൂർ:വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ഈ മാസം പതിനേഴാം തീയതി കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ സ്കൂളിൽ വെച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വളർന്നു വരുന്ന ലഹരിമാഫിയക്കെതിരെ പോരാടുക എന്നലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ലഹരിയുടെ പിടിയിലേക്ക് അറിഞ്ഞും അറിയാതെയും തെന്നിനീങ്ങുന്ന വിദ്യാർത്ഥികളെ ഇതിൽ നിന്നും രക്ഷപ്പെടുത്തി ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള ഒരു പുതുതലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ലഹരി അടങ്ങിയ മിട്ടായികൾ സ്കൂൾ പരിസരത്തെ കടകളിലൂടെ വില്പനനടത്തിയാണ് ലഹരി മാഫിയ വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്.ഇത് പിന്നീട് കഞ്ചാവിലേക്കും ലഹരി ഗുളികകളിലേക്കും വഴിമാറുന്നു.ഇത്തരത്തിൽ ലഹരിക്ക് അടിമപ്പെട്ട വിദ്യാർത്ഥികളെ ഉപയോഗിച്ച് കൂടുതൽ പേരെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് ലഹരിമാഫിയ ചെയ്യുന്നത്.ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സജീവമാകുന്ന സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ക്യാമ്പയിൻ പോലുള്ള പരിപാടിക്ക് പ്രസക്തിയേറുന്നത്.