വയനാട്:വയനാട്ടിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്ത ആസൂത്രിതമെന്ന് കണ്ടെത്തൽ.സംഭവത്തിൽ എറണാകുളം പറവൂര്‍ സ്വദേശിയും മാനന്തവാടി ആറാട്ടുതറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നതുമായ പാലത്തിങ്കല്‍ സന്തോഷ് (45) നെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്ബറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്നായി (60), മകന് പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് മദ്യം കഴിച്ച ശേഷം മരണപ്പെട്ടത്.ഇവർ കഴിച്ച മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർന്നിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:തിഗ്നായിക്ക് മകള്‍ക്ക് ചരട് ജപിച്ച് നല്‍കിയതിന്റെ ഉപഹാരമായി സന്തോഷില്‍ നിന്നും വാങ്ങിയ മദ്യം സജിത്ത് നൽകുകയായിരുന്നു.ഇത് കഴിച്ചയുടയന്‍ കുഴഞ്ഞുവീണ തിഗ്നായിയെ തരുവണയില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. തിഗ്നായിയുടെ ശവസംസ്ക്കാരം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് രാത്രിയോടെ തിഗ്നായിയുടെ മകന് പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം കഴിക്കുന്നത്. മദ്യം കഴിച്ചയുടന്‍ ഇരുവരും കുഴഞ്ഞുവീണു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രമോദും, ആശുപത്രിയിലെത്തിയ ശേഷം പ്രസാദും മരിച്ചിരുന്നു.തിഗ്നായിയുടെ മരണം ഹൃദയാഘാതമാണെന്നാണ് കരുതിയിരുന്നതെങ്കിലും പ്രമോദും പ്രസാദും മരിച്ചതോടെ മരണത്തിന് കാരണം മദ്യത്തില്‍ കലര്‍ത്തിയ മാരകവിഷമായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരപരാധികളായ മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കോളനിയില്‍ മദ്യമെത്തിച്ച സജിത്തിനെയും, ഇയാള്‍ക്ക് മദ്യം നല്കിയ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സന്തോഷും സജിത് കുമാറും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് മൂന്നുപേരുടെ മരണത്തിലേക്കു നയിച്ചത്. സന്തോഷിന്റെ പെങ്ങളുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നില്‍ സജിത് കുമാറാണെന്നുള്ള ആരോപണമുയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബന്ധു ജീവനൊടുക്കിയതിനു പിന്നില്‍ സജിത് കുമാറാണെന്ന ഡയറിക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സന്തോഷ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വയനാട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി കുബേരന് നമ്ബൂതിരി പറഞ്ഞു.സംഭവദിവസം തികിനായിയുടെ വീട്ടില്‍ മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാറിനെ കൊല്ലുന്നതിനായി പ്രതി സന്തോഷ് നല്കിയ മദ്യം വിഷം കലര്‍ത്തിയതാണെന്ന് അറിയാതെ തികിനായി കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണു സന്തോഷ് സജിത്തിനു വിഷം നല്‍കിയത്. എന്നാല്‍ ഇതേപ്പറ്റി അറിയാതിരുന്ന സജിത് മദ്യം മന്ത്രവാദിക്കു നല്‍കുകയായിരുന്നു.