Kerala, News

200 കോടിയുടെ മയക്കുമരുന്ന് കടത്ത്;മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ

keralanews drugs worth 200 crores seized main accused arrested

കൊച്ചി:200 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ(മേത്തലിൻ ഡൈ ഓക്സി മെത്താംഫിറ്റമിൻ)പാർസൽ പായ്ക്കറ്റിൽ നിന്നും പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി കണ്ണൂർ കടമ്പൂർ കുണ്ടത്തിൽ മീര നിവാസിൽ പ്രശാന്ത് കുമാർ(36)എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ സ്വദേശിയായ പ്രശാന്ത് വളർന്നതും പഠിച്ചതും താമസിക്കുന്നതുമെല്ലാം ചെന്നൈയിലാണ്.ഇയാളും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.എന്നാൽ അലി വിദേശത്തേക്ക് കടന്നതായാണ് സൂചന.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീൺ ട്രാവെൽസ് എന്ന പാർസൽ സർവീസ് കമ്പനി വഴി എഗ്‌മോറിൽ നിന്നും എറണാകുളം രവിപുരത്തെ ഗോഡൗണിലേക്ക് സാരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് മയക്കുമരുന്ന് എത്തിച്ചത്.ശേഷം ഇവിടെ നിന്നും എറണാകുളം എംജി റോഡിൽ തന്നെ പ്രവർത്തിക്കുന്ന എയർ കാർഗോ വഴി മലേഷ്യയിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ചെന്നൈയിൽ നിന്നും നേരിട്ട് മലേഷ്യയിലേക്ക് പാർസൽ അയക്കാമെന്നിരിക്കെ കൊച്ചി വഴി അയക്കാൻ ശ്രമിക്കതിൽ സംശയം തോന്നിയ കൊറിയർ സർവീസ് ഉടമ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഇതിനു മുൻപും ഇതേരീതിയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച്‌ മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റ്,എൻഫോർസ്‌മെന്റ് ഡയറക്റ്ററേറ്റ്,നാർക്കോട്ടിക് കൺട്രോൾ ബ്യുറോ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എന്നിവരുടെ സഹകരണത്തോടെ എക്‌സൈസ് സംഘം പ്രശാന്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് എക്‌സൈസ് ഇൻസ്പെക്റ്റർ ശ്രീരാഗ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിലെത്തി തമിഴ്നാട് നാർക്കോട്ടിക് ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ പ്രശാന്തിനെ പിടികൂടുകയുമായിരുന്നു.എംഡിഎംഎ പിടിച്ചവർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരുലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Previous ArticleNext Article