
കണ്ണൂർ:കണ്ണൂർ ടൌൺ സി ഐ ടി.കെ രത്നകുമാറിനും കുടുംബത്തിനും നേരെ വധഭീഷണി.സി ഐയുടെ ഭാര്യയുടെ പേരിൽ പോലീസ് ക്വാർട്ടേഴ്സിന്റെ മേൽവിലാസത്തിൽ എത്തിയ കത്തിലാണ് വധഭീഷണി.സിപിഎം നേതാക്കളുടെ നിർദേശത്തിനു വഴങ്ങി നിരപരാധികളെ കൊലക്കേസുകളിൽ പ്രതികളാക്കിയെന്ന് ആരോപിച്ചാണ് ഭീഷണി.കേസിൽ ശിക്ഷിക്കപ്പെട്ടാൽ അപായപ്പെടുത്തി മാത്രമേ ജയിലിലേക്ക് പോകൂ എന്നാണ് കത്തിലെ ഭീഷണി.സഭ്യമല്ലാത്ത ഭാഷയാണ് കത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. കല്യാശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ പി.പി മനോജ് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനാണ് സി.ഐ രത്നാകരൻ.ഈ കേസിൽ കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കാനിരിക്കെയാണ് ഭീഷണിക്കത്ത് വന്നിരിക്കുന്നത്. പിണറായി സർക്കാരാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.