Kerala, News

കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം

keralanews visitors flow in kannur airport (2)

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം.ഉൽഘാടനത്തിനൊരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് ഇന്നലെ മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ അനുമതി നൽകിയിരുന്നു.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഇന്നലെ വിമാനത്താവളം സന്ദർശിക്കാനെത്തിയത്.സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ നന്നേ പാടുപെട്ടു.രാവിലെ പത്തുമണി മുതലാണ് വിമാനത്താവളത്തിലേക്ക് സന്ദർശകരെ അനുവദിച്ചതെങ്കിലും എട്ടു മണി മുതൽ തന്നെ വിമാനത്താവള കവാടത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ടെർമിനൽ ബിൽഡിംഗ് നിറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ ഗേറ്റ് അടച്ചു. ബിൽഡിങ്ങിലെ ജനങ്ങൾ ഇറങ്ങിയതിനു ശേഷമാണ് വീണ്ടും ജനങ്ങളെ കയറ്റിയത്.സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും വിമാനത്താവളം കാണാനെത്തിയിരുന്നു.സന്ദർശകരുടെ തിരക്ക് കാരണം മട്ടന്നൂർ ടൗണിലും പരിസരപ്രദേശത്തും രൂക്ഷമായ ഗതാഗത കുരുക്കാണ്  അനുഭവപ്പെട്ടത്.ഉച്ചവരെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.കണ്ണൂർ റോഡിൽ കൊതേരി വരെയും ഇരിട്ടി റോഡിൽ കോടതി പരിസരം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.വിമാനത്താവളത്തിലേക്കുള്ള കണ്ണൂർ അഞ്ചരക്കണ്ടി റോഡ് പൂർണ്ണമായും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.തിരക്ക് നിയന്ത്രണാതീതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉച്ചയോടെ വിമാനത്താവളത്തിന്റെ ഗേറ്റ് അടച്ചു.പിന്നീട് തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഗേറ്റ് വീണ്ടും തുറന്നത്. ടെർമിനൽ കെട്ടിടത്തിലും എസ്‌കലേറ്ററിലും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.തിക്കിലും തിരക്കിലുംപെട്ട് ചിലർക്ക് നിസ്സാര പരിക്കേറ്റു.അവധി ദിവസമായ ഇന്നും വിമാനത്താവളത്തിലെ തിരക്ക് വർധിച്ചേക്കും.

Previous ArticleNext Article