ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് പ്രവേശന മേല്‍നോട്ട സമിതി അന്വേഷിക്കണം.അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നിരീക്ഷണം കഴിഞ്ഞ തവണ സുപ്രീംകോടതി നടത്തിയിരുന്നു.എന്നാല്‍ പ്രവേശന മേല്‍നോട്ടസമിതി അന്വേഷണം നടത്തട്ടേയെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2016- 2017 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട 150 വിദ്യാര്‍ഥികളില്‍ നിന്ന് തലവരിപണം വാങ്ങിയിട്ടുണ്ടോ വാങ്ങിയ തുക എത്രയാണ് അത് ഇരട്ടിയായി തിരികെ നല്‍കിയോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രവേശന മേല്‍നോട്ടസമിതി അന്വേഷിക്കേണ്ടത്. 2016-17 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ പുറത്താക്കിയ സുപ്രീംകോടതി തന്നെ ഈ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് കോളേജ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയത് പത്ത് ലക്ഷം രൂപയാണെന്നും 20 ലക്ഷം രൂപ തിരികെ നല്‍കിയെന്നും കോളേജുകള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടസമിതി അറിയിച്ചത് വിദ്യാര്‍ഥികളില്‍ നിന്ന് 30ലക്ഷം മുതല്‍ 40 ലക്ഷം വരെ വാങ്ങിയിട്ടുണ്ട് എന്നായിരുന്നു.ഈ ആശയക്കുഴപ്പം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.