Kerala, News

ആശങ്കയുണർത്തി വീണ്ടും ന്യൂനമർദം;സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

keralanews low prassure forming in arabian sea chance for heavy rain and storm in the state

തിരുവനന്തപുരം:ആശങ്കയുണർത്തി വീണ്ടും ന്യൂനമർദം രൂപപ്പെടുന്നതായി റിപ്പോർട്ട്. അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് പ്രത്യക്ഷപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയേറുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ പലയിടങ്ങളിലും അതിശക്തവും ഞായറാഴ്ച തീവ്രവുമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ഞായറാഴ്ച ശക്തമാവും. തിങ്കളാഴ്ച കൂടുതല്‍ ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ അതിജാഗ്രതാ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 21 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് കളക്ടര്‍മാരോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഈ ദിവസങ്ങളിൽ അതിശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതിനാലും കടൽ പ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.കടലിൽ പോയിരിക്കുന്ന മൽസ്യത്തൊഴിലാളികൾ വെള്ളിയാഴ്ചയ്ക്ക് മുൻപായി സുരക്ഷിതമായ ഏതെങ്കിലും തീരത്ത് എത്തണമെന്നും നിർദേശിക്കുന്നുണ്ട്.മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.അതിനാൽ ഇത്തരം സ്ഥലങ്ങളിൽ വെള്ളിയാഴ്ചയോടെ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.വെള്ളിയാഴ്ചയ്ക്ക് ശേഷം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാർ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങരുത്.മുൻപ് പ്രളയം ബാധിച്ച സ്ഥലങ്ങളിൽ പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. ഭിന്നശേഷിക്കാരെ സാമൂഹിക സുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിച്ച് ദുരന്ത സാധ്യത മേഖലകളിൽ നിന്നും മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

 

Previous ArticleNext Article