ജക്കാർത്ത:ഇന്തോനേഷ്യയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്.540 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്റ്റർ സ്കെയിലിൽ ൭.൪ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 150 ഓളം തുടർ ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടുപ്രദേശങ്ങളെ തകർത്തത്.ദ്വീപിൽ മൂന്നരലക്ഷത്തിലേറെപ്പേർ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേർ മരിച്ചത്. ആയിരക്കണക്കിന് വീടുകൾ, ഹോട്ടലുകൾ,ഷോപ്പിംഗ് മാളുകൾ,പള്ളികൾ എന്നിവ തകർന്നു. വീട് തകർന്നവർ തുടർചലനങ്ങൾ ഭയന്ന് ക്യാമ്പുകളിലാണ് കഴിയുന്നത്. മൂന്നുലക്ഷത്തോളംപേർ താമസിക്കുന്ന ഡോംഗ്ലയിൽ 11 പേർ മരിച്ചതായി സ്ഥിതീകരിച്ചിട്ടുണ്ട്. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഇവിടെ ഗതാഗതം നിലച്ചിരിക്കുകയാണ്. വൈദ്യുതി,വാർത്ത വിനിമയ സംവിധാനങ്ങളൂം തകരാറിലായിരിക്കുകയാണ്. ഇവയൊക്കെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ വെച്ചാണ് പരിക്കേറ്റവരെ ചികില്സിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഇന്തോനേഷ്യക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.