തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്കുന്ന കാര്യം പരിഗണനയിലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിനെ കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാല്‍, ഏകപക്ഷീയമായ തീരുമാനം എടുക്കാനാകില്ല. തന്ത്രി കുടുംബവുമൊക്കെ ആയി ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്ന് തോന്നുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾ കൂടി ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കാനാവില്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനി 100 ഏക്കര്‍ കൂടി വേണ്ടിവരുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍, നിലയ്ക്കലില്‍ 100 ഹെക്ടര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.