ഇടുക്കി: ഇടുക്കിയില്‍ വീണ്ടും നാശം വിതച്ച് മഴ കനക്കുന്നു. നിരവധി വീടുകളില്‍ വീണ്ടും വെള്ളംകയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്നയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രാത്രി ആറ് മണിമുതല്‍ ഒമ്ബത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്ബക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്.ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ ടൂറിസം വീണ്ടും സജീവമാവുകയായിരുന്നു. നീലക്കുറിഞ്ഞി പൂത്തതും മറ്റും കാണാന്‍ നിരവധി പേര് ഒഴുകിയെത്താന്‍ തുടങ്ങിയതുമാണ്. ഇതിനിടെയാണ് വീണ്ടും മഴ. കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ ശക്തമായ മഴ പെയ്തു. പത്തനംതിട്ടയിലും മഴ എത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഇത് കൂടുതല്‍ നാശം വിതച്ചത്. മലബാറിലും മഴ പെയ്യുന്നുണ്ട്. അതിനിടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമാകുന്നു. ഏറെ ദിവസമായി ഉച്ചകഴിഞ്ഞ് പമ്പയിൽ കനത്ത മഴയാണ്. മണലടിഞ്ഞ് ദിശമാറിയ പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകയായിരുന്നു.ഇതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു. ഗോഡൗണില്‍ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. പമ്പ ഗവണ്‍മെന്റാശുപത്രി കെട്ടിടത്തില്‍ കയറി ക്കിടക്കുന്ന മണലും നീക്കിയിട്ടില്ല. ഉരുള്‍പൊട്ടല്‍ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാര്‍ ഡാമിലെ ചെളിനീക്കി ആഴം വര്‍ധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്തുനിന്ന് ഏറെ അകലെയുള്ള കുന്നാറില്‍ ഒരു ദിവസം നാലുമണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്തുനിന്ന് തിരിച്ചാല്‍ 10 മണിയോടെ മാത്രമേ കുന്നാറില്‍ എത്തുകയുള്ളൂ. ഉച്ചകഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം. ഈ പ്രവര്‍ത്തിയേയും മഴ തടസ്സപ്പെടുത്തുകയാണ്.