Kerala, News

മലപ്പുറത്ത് മാനിറച്ചി എന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടിയിറച്ചി നൽകിയതായി ആരോപണം;കഴിച്ചവരെല്ലാം ആശുപത്രിയിൽ

keralanews give the dog meat instead of deer meat in malappuram and all who ate it were hospitalised

മലപ്പുറം:കാളിക്കാവിൽ വേട്ടസംഘം മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിരവധിപേര്‍ക്ക് വലിയ തുക വാങ്ങി പട്ടി ഇറച്ചി നല്‍കിയെന്ന് ആരോപണം. ഇറച്ചി വേവാന്‍ മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം എടുത്തതാണ് സംശയത്തിന് വഴിവച്ചത്.സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മലയോരത്ത് നിരവധി പട്ടികളുടെ തലകള്‍ കണ്ടെത്തി. പട്ടി മാംസം കഴിച്ച പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അതേസമയം കബളിപ്പിക്കപ്പെട്ടവരാരും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കാരണം മാനിനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും കുറ്റമാണ്. അതിനാല്‍ വേട്ടസംഘം പിടിയിലാകുന്നതോടൊപ്പം ഇറച്ചിക്ക് പണം നല്‍കിയവരും കേസില്‍പ്പെടും.പോലീസും വനം വന്യജീവി വകുപ്പും സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നല്‍കിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ ഇതുവരെയുള്ള നിഗമനം. മാനിറച്ചിയാണ് നല്‍കിയതെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പും പട്ടി ഇറച്ചിയാണ് നല്‍കിയതെങ്കില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പോലീസും വേട്ടസംഘത്തിനെതിരെ കേസെടുക്കും.

Previous ArticleNext Article