ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.എട്ട് ദിവസത്തെ വാദംകേള്‍ക്കലിനുശേഷം ആഗസ്ത് എട്ടിനാണ് ഭരണഘടനാബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. 2006ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് വിഷയവുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാന ഹര്‍ജിക്കു പിന്നാലെ അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ് പ്രവേശനവിലക്കെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ,ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ,സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ, ആരാധാനയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിക്ക് ഇടപെടാൻ സാധിക്കും. അതൊരിക്കലും ആചാരത്തിന്റേയോ വിശ്വാസത്തിന്റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞിരുന്നു.
India, Kerala, News
ശബരിമലയിലെ സ്ത്രീപ്രവേശനം;സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
Previous Articleകേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത;ജാഗ്രതാ നിർദേശം