തിരുവനന്തപുരം:കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കള്ളകടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് ശക്തമായ തിരമാലകൾ രൂപം കൊള്ളുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്ത് ശക്തി പ്രാപിക്കുകയും ശക്തമായി മാറാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം ഉണ്ടാകാതിരിക്കാൻ നങ്കൂരം ഇടുമ്പോൾ അവ തമ്മിൽ അകലം പാലിക്കണം. തീരങ്ങളിൽ ഈ പ്രതിഭാസത്തിന് ആഘാതം കൂടുതലായിരിക്കും എന്നതിനാൽ തീര പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും തീരത്തുനിന്നും കടലിലേക്കും കടലിൽനിന്ന് തീരത്തിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നാളെ രാത്രി വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.