തിരുവനന്തപുരം:ഇ പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു.ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചില റേഷൻ കടകളിൽ തുടങ്ങിയ പ്രശ്നം ബുധനാഴ്ച വൈകുന്നേരത്തോടെ ഭൂരിഭാഗം കടകളെയും ബാധിച്ചു.ഇതോടെ കാർഡുടമകൾ റേഷൻ കടകളിലെത്തി ബഹളം വെച്ചു.ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിലും റേഷൻ വിതരണം കൃത്യമായി നടത്താത്തതിലും പ്രതിഷേധിച്ച് ഒരു വിഭാഗം കടയുടമകൾ ബുധനാഴ്ച വൈകുന്നേരം നാലുമണി മുതൽ കടകളടച്ചിട്ടു.വ്യാഴാഴ്ച വൈകുന്നേരം നാലുമണി മുതൽ കടകൾ അടച്ചിടുമെന്ന് റേഷൻ ഭാരവാഹി സംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം യന്ത്രം തകരാറിലായതിനെ കാരണം ഇനിയും കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.യന്ത്രം നൽകിയ കമ്പനി,നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ,ഐ.ടി വകുപ്പ്,സിവിൽ സപ്ലൈസിലെ ഐടി വിഭാഗം എന്നിവരാണ് ഇ പോസ് മെഷീനിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.യന്ത്രം സ്ഥാപിച്ച കമ്പനിയുടെ സാങ്കേതിക പിഴവുകൊണ്ടാണ് തകരാർ ഉണ്ടായിരിക്കുന്നതെങ്കിൽ കമ്പനി പിഴ നൽകണമെന്നാണ് വ്യവസ്ഥ.എന്നാൽ ആരുടെ കുഴപ്പമാണെന്ന് കണ്ടുപിടിക്കാൻ പറ്റാത്തതിനാൽ പിഴയീടാക്കാനാകാത്ത അവസ്ഥയിലുമാണ്.