Kerala, News

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews the high court will consider the bail application of franco mulakkal

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ഫ്രാങ്കോയുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കന്യാസ്‌ത്രീയ്‌ക്കെതിരെയുള്ള പരാതിയില്‍ താന്‍ നടപടി സ്വീകരിച്ചതുകൊണ്ടുള്ള വൈരാഗ്യമാണ് ഇത്തരത്തിലേക്കൊരു കേസിലേക്ക് വഴിതെളിച്ചതെന്ന് ഫ്രാങ്കോ ഹര്‍ജിയില്‍ ഉന്നയിക്കുന്നു. കസ്റ്റഡിയില്‍ ഇരിക്കെ തന്റെ വസ്ത്രങ്ങള്‍ അടക്കം നിര്‍ബന്ധപൂര്‍വം വാങ്ങിയ പൊലീസ്, കേസില്‍ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തേക്കും. ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസിലെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന് പൊലീസ് അറിയിക്കും.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ ഹൈക്കോടതിയില്‍ അന്വേഷണ സംഘം ഉയര്‍ത്തിക്കാട്ടും.ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിക്കും. ഇക്കാര്യങ്ങളൊക്കെ കോടതി അംഗീകരിച്ചാല്‍ ബിഷപ്പിന് ജാമ്യം ലഭിച്ചേക്കില്ല.

അതേസമയം പൊലീസിനെതിരെ പരാതിയുമായി മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. വര്‍ഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ജലന്ധര്‍ അതിരൂപതയ്ക്ക് കീഴിലെ മിഷനറീസ് ഓഫ് ജീസസ് എന്ന കന്യാസ്ത്രീ സഭയാണ്. മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരില്‍ ഇന്നലെ ഏഴുതി തയ്യാറാക്കി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്.

Previous ArticleNext Article