കണ്ണൂർ:രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഇരുപതുലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ കുങ്കുമപ്പൂവുമായി ശ്രീകണ്ഠപുരത്ത് മൂന്നുപേർ പിടിയിൽ.കാസർഗോഡ് ബേഡകത്തെ അഞ്ചാംമൈൽ മുഹമ്മദ് സിയാദ് (25), ചട്ടഞ്ചാൽ തെക്കിലംരത്തെ ബാലനടുക്കം ഷാഹുൽ ഹമീദ് (22), കാസർഗോട്ടെ പൂനാച്ചി ഇബ്രാഹിം ഖലീൻ (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും ചേർന്ന് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ശ്രീകണ്ഠപുരം ടൗണിൽ വെച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കുങ്കുമപ്പൂ കണ്ടെടുത്തത്.കാറിൽ പ്രത്യേക അറയുണ്ടാക്കി അതിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് ഏജന്‍റു വഴി കോഴിക്കോട് എയർപോട്ട് മാർഗമാണ് കുങ്കമപൂവെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സംഘം പോലീസിനോട് പറഞ്ഞു. മട്ടന്നൂരിൽ വില്പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാസർഗോഡ് സ്വദേശിയായ ഏജന്‍റിന്‍റെ നിർദ്ദേശ പ്രകാരമാണ് കുങ്കുമപൂവുമായെത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.ഇതേത്തുടർന്ന് ഇയാൾക്കായും പോലീസ് അന്വേഷണം തുടങ്ങി. മൂവരേയും കണ്ണൂർ സെയിൽ ടാക്സ് അധികൃതർക്ക് കൈമാറി.ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഐ കെ.വി. രഘുനാഥ്, എഎസ്ഐ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, പ്രശാന്തൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.