മണാലി:കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഹിമാചൽ പ്രദേശിലെ മണലിൽ കുടുങ്ങിയ അൻപതോളം മലയാളികൾ രക്ഷപ്പെട്ടു.ഇവർ സുരക്ഷിതമായി കേരളത്തിലേക്ക് യാത്ര തിരിച്ചു.ഡല്‍ഹി വഴിയും ഛണ്ഡീഗഡ് വഴിയുമാണ് മലയാളികള്‍ കേരളത്തിലേക്ക് നീങ്ങുന്നത്. ഇനിയും കുറച്ചുപേര്‍ കുളു, മണാലി വഴിയില്‍ കുടിങ്ങിക്കിടപ്പുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്. പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പതംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെ കുളുവില്‍നിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ടു. തൃശൂരിലെ അഞ്ഞൂരില്‍നിന്നുള്ള 23 അംഗ സംഘം മണാലിയില്‍നിന്ന് ഇന്നലെ വൈകിട്ടു ഡല്‍ഹിയിലേക്കു തിരിച്ചു.കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരില്‍ ചിലര്‍ ചണ്ഡീഗഢ് വഴി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇവരെത്രപേരുണ്ടെന്ന് വ്യക്തമല്ല.അതേസമയം ഇന്നലെ കാലാവസ്ഥ അനുകൂലമായപ്പോള്‍ തിരികെ യാത്രയ്ക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പ്രതികരണം മോശമായിരുന്നെന്നു പരാതി. ഇന്നലെ ഉച്ചയ്ക്ക് നാലു വാഹനങ്ങളിലായി കുളുവിലേക്കു പുറപ്പെട്ട സംഘം റെയ്സന് ബ്രിജ് ടൗണില്‍ അഞ്ചു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെട്ടു. കോഴിക്കോട്ടുനിന്നുള്ള ബൈക്ക് യാത്രികരുടെ എട്ടംഗ സംഘത്തിന്റെ യാത്ര മണാലിയില്‍വച്ചു മുടങ്ങി. കക്കോടി, ബാലുശ്ശേരി സ്വദേശികളായ ഇവര്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കൈലോണില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈലോണില്‍നിന്ന് മഞ്ഞു നീക്കാന്‍ നടപടിതുടങ്ങി.കോഴിക്കോട്ടെ വിവേകാനന്ദ ട്രാവല്‍സിന്റെ ഗൈഡ് ഷാജിയും ഡല്‍ഹി സ്വദേശികളായ രണ്ടു പാചകക്കാരും സഞ്ചരിച്ചിരുന്ന കാര്‍ കശ്മീരിലെ ഉദംപൂരിനു സമീപം മണ്ണിടിച്ചിലില്‍പെട്ടു. ഇവര്‍ പരുക്കേല്‍ക്കാതെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ ലാഹോല്‍-സ്പീതി ജില്ലയില്‍ കുടുങ്ങിയ 50 പര്‍വതാരോഹകരെ രക്ഷപ്പെടുത്തി. റൂര്‍ഖി ഐ.ഐ.ടി.യിലെ 35 വിദ്യാര്‍ത്ഥികളും ഇതിലുള്‍പ്പെടും. മൂന്നുദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ബുദ്ധിമുട്ടുനേരിടുന്ന ഹിമാചല്‍പ്രദേശില്‍ ബുധനാഴ്ചമുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങിന് പോയ തമിഴ് സിനിമാ നടന് കാര്‍ത്തിയും സംഘവും മണാലിയിൽ കുടുങ്ങി.റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തി.