കൊച്ചി: കൊച്ചിയില്‍ യൂബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയിയെ ഹോട്ടല്‍ ഉടമയും സംഘവും ക്രൂരമായി മർദിച്ചതായി പരാതി. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള് റെസ്റ്റോറന്റ് ഉടമയും സംഘവുമാണ് മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ജവഹറിന്റെ ചെവികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.ഒപ്പം നീരുമുണ്ട്. തോളെല്ലിനും ഗുരുതരമായ പരുക്കുണ്ട്. ജവഹറിന്റെ മുഖം നിറയെ അടികൊണ്ട പാടുകളാണ്. ദേഹമാസകലം അടിയേറ്റ് വീര്‍ത്തിട്ടുണ്ട്.ജവഹറിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഓര്‍ഡര്‍ എടുക്കാനായി ജവഹര്‍ കൊച്ചി താള് റെസ്റ്റോറന്റിലെത്തിയപ്പോള്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഉടമയും സംഘവും ചേര്‍ന്നു മര്‍ദ്ദിക്കുന്നത് കാണുകയായിരുന്നു. ഇതോടെ കാര്യമന്വേഷിച്ച ജവഹറിനുനേരെ അക്രമിസംഘം തിരിഞ്ഞു. നാല്‍പ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കടയില്‍ തന്റെ ജോലിക്കാരെ തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും ചോദിക്കാന്‍ നീ ആരാണെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് പറയുന്നു. പത്തോളം ജീവനക്കാര്‍ ചേര്‍ന്ന് ഹോട്ടലിനകത്തേക്ക് ജവഹറിനെ കൊണ്ടുപോയി അരമണിക്കൂറോളം മര്‍ദ്ദിച്ചു. ഒടുവില്‍ തിരികെ പോകാനായി ബൈക്കിനു സമീപമെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ജവഹറിന്റെ സുഹൃത്ത് ഇട്ട ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് ജവഹർ.സംഭവം പരസ്യമായതോടെ യൂബര്‍ ഈറ്റ്സ് ജീവനക്കാര്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ റെസ്റ്റോറന്റിനു മുന്‍പിലെത്തി പ്രതിഷേധിക്കുകയാണ്. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഗുണ്ടകളുടെ ബലത്തിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു. പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും ഇക്കാര്യം ആരോപിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നു മണി വരെ ഈ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കൊണ്ട് അടിമവേല ചെയ്യിക്കുന്നത് പതിവാണെന്നുമാണ് ആരോപണം