
കണ്ണൂർ:ടൌൺ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടംഗസംഘം പോലീസ് പിടിയിൽ.കൂത്തുപറമ്പ് വേങ്ങാട് തെരു മടപ്പുരയ്ക്കൽ ബിജു(39),തിരുവനന്തപുരം ചെങ്കൽച്ചൂള ചാരുവിള പുത്തൻവീട്ടിൽ എ.എസ് വിഷ്ണു എന്നിവരാണ് കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം പഴയ ബസ്സ്റ്റാന്റിനടുത്തുള്ള കോളേജ് ഓഫ് കോമേഴ്സിന്റെ പൂട്ട് പൊളിച്ച് മൊബൈൽ ഫോണും ലാപ്ടോപ്പും കവർന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു.അതേപോലെ കഴിഞ്ഞ ജൂലൈ 21 ന് സബ് ജയിലിനു സമീപത്തുള്ള കാഞ്ചി കാമാക്ഷിയമ്മൻ കോവിലിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് 7000 രൂപ മോഷ്ടിച്ചത് താനാണെന്ന് പിടിയിലായ വിഷ്ണു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോളേജ് ഓഫ് കോമേഴ്സിൽ മോഷണം നടന്നത്.മോഷ്ട്ടിച്ച ലാപ്ടോപ്പ് ഒരുകടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടൌൺ എസ്ഐ ശ്രീജിത്ത് കോടേരി,എഎസ്ഐ അനീഷ്,സിപിഒ അജിത് എന്നിവർ ചേർന്ന് ഇവരെ പിടികൂടിയത്.രാത്രിയിൽ ടൗണിലും മറ്റും കിടന്നുറങ്ങുന്നവരുടെ പണം മോഷ്ടിക്കുന്നത് ഇവരുടെ പതിവാണെന്ന് പോലീസ് പറഞ്ഞു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബിജു നാലുമാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്.