പെർത്ത്:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ട ഇന്ത്യൻ നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അഭിലാഷ് ടോമി സഞ്ചരിച്ച പായ്‌വഞ്ചി നാവിക സേനയുടെ പി 8 ഐ വിമാനം കണ്ടെത്തി.താന്‍ സുരക്ഷിതനാണെന്നും ശരീരം മരവിച്ച നിലയിലാണെന്നും അഭിലാഷ് സന്ദേശം നല്കി. കനത്തമഴയും പത്തടിയോളം ഉയരുന്ന തിരമാലയും നിമിത്തം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് അടുക്കാനാവുന്നില്ല. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഇവിടെ കാറ്റടിക്കുന്നുണ്ട്. നാവിക സേനയുടെ വിമാനത്തിൽ നിന്നും പായ്‌വഞ്ചിയുടെ ചിത്രം പകർത്തിയിട്ടുണ്ട്.ഞായറാഴ്ച രാവിലെ 7.50നാണ് വിമാനത്തില്‍ നിന്നു ചിത്രം പകര്‍ത്തിയത്. വിമാനത്തില്‍നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും ആദ്യം പായ്‌വഞ്ചിയിലെത്തിക്കാനാണ് ശ്രമം.ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് പായ്‌വഞ്ചി കണ്ടെത്തിയിരിക്കുന്നത്. കനത്ത കാറ്റുള്ളതിനാല്‍ ഇത് ഗതിമാറിപ്പോകാനും സാദ്ധ്യതയുണ്ട്. ഇതു രക്ഷാപ്രവര്‍ത്തകരെയും വിഷമിപ്പിക്കുന്നു.ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് സാത്പുര, എച്ച്‌എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പക്ഷേ അടുത്തെത്താനാവുന്നില്ല.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചിട്ടുണ്ട്. ഈ കപ്പലില്‍ ഡോക്ടറുമുണ്ട്. ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോ ഓര്‍ഡിനേഷനും നാവികസേനയും രക്ഷാദൗത്യത്തിനുണ്ട്.