കോട്ടയം:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു.കോട്ടയം പോലീസ് ക്ലബ്ബില്‍നിന്നാണ് ബിഷപ്പിനെ കേസിന് ആസ്പദമായ സംഭവം നടന്നന്നെന്നു പറയുന്ന കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലേക്ക് കൊണ്ടുപോയത്. മഠത്തിലെ ഇരുപതാം നമ്പർ ഗസ്റ്റ് റൂമില്‍ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അതേ മുറിയിലെത്തിച്ചാണ് തെളിവെടുക്കുക.തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണു നീക്കം. നുണപരിശോധനയ്ക്ക് അനുമതി തേടി പോലീസ് കോടതിയെ സമീപിക്കും. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ജാമ്യ ഹര്‍ജി നല്‍കുമെന്ന് ഇദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കെ. ജയചന്ദ്രന്‍ പറഞ്ഞു.