Kerala

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചു; മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ സഭാ നടപടി

keralanews take action against sister lusi in mananthavadi roopatha who support nun strike

മാനന്തവാടി:കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ വയനാട് മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപടി സ്വീകരിച്ചു.വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവകയിലെ പ്രവര്‍ത്തനം എന്നിവ നടത്തുന്നതില്‍ സിസ്റ്റർക്ക് വിലക്കേർപ്പെടുത്തി. അതേസമയം കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിന് തടസമില്ല.രണ്ട് ദിവസം മുൻപാണ് ലൂസി കളപ്പുര എറണാകുളം ഹൈക്കോടതി ജംഗ്ഷനിലുള്ള കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ തയ്യാറാകണമെന്നും  ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂര്‍ണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ലൂസി കളപ്പുര പറഞ്ഞിരുന്നു.എന്നാല്‍ ലൂസി മാദ്ധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.രൂപതാംഗമായ ലൂസി, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേദപഠന ക്ളാസുകള്‍ നല്‍കുന്നുണ്ടായിരുന്നു. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി പുലര്‍ച്ചെ എത്തിയപ്പോഴാണ് ഇപ്പോഴത്തെ ചുമതലതകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മദര്‍ സുപ്പീരിയര്‍ ലൂസിയെ അറിയിച്ചത്.എന്നാല്‍, ഇത് സംബന്ധിച്ച്‌ രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല. സഭയ്ക്കെതിരെ ഏതെങ്കിലും തരത്തില്‍ ഒരു വാക്കെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമോയെന്നും അവര്‍ ചോദിച്ചു. സമരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ തനിക്ക് രൂപതയിലെ കന്യാസ്ത്രീകളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. സഭയ്ക്കും വൈദികര്‍ക്കും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മറ്റ് സിസ്റ്റര്‍മാര്‍ പറഞ്ഞതായും ലൂസി വെളിപ്പെടുത്തി.

Previous ArticleNext Article