കണ്ണൂർ:കഞ്ചാവ് ഇടപാടിനെ കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് വ്യാപാരിക്ക് നേരെ ആക്രമണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.കൊറ്റാളിയിലെ ആർ.ബി സ്റ്റോർ ഉടമയായ പി.രാജീവനെ വധിക്കാൻ ശ്രമിച്ച കേസിൽ കൊറ്റാളി കുണ്ടംചാലിലെ ശ്രീരാഗ്(19),പനങ്കാവിലെ മിഥുൻ(18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രാജീവന്റെ കടയുടെ സമീപത്തു നിന്നും കഴിഞ്ഞ ദിവസം ഒരാളെ കഞ്ചാവ് വലിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു.ഇയാളെ കുറിച്ച് പൊലീസിന് വിവരം നൽകിയത് രാജീവനാണെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്.അടിയേറ്റ് രാജീവന്റെ കയ്യിലെ എല്ല് തകർന്നിരുന്നു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.