ന്യൂഡൽഹി:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികൻ അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാവികസേനാ പുറപ്പെട്ടു.ഐഎന്‍എസ് സത്പുര എന്ന കപ്പലിലാണ് നാവികസേന ഓസ്ട്രേലിയൻ തീരത്തേക്ക് പുറപ്പെട്ടിട്ടുള്ളത്.നിലവില്‍ ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗമാണ് അഭിലാഷിന് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുന്നത്. പായ്വഞ്ചിയില് ഗ്ലോഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പടിഞ്ഞാറന്‍ പെര്‍ത്തില്‍ നിന്നും 3,000 കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷിനെ കാണാതായത്. കനത്ത കാറ്റില്‍ പായ്വഞ്ചിയുടെ തൂണ് തകര്‍ന്ന് അഭിലാഷിന് പരിക്കേല്‍ക്കുകയായിരുന്നു. പായ്വഞ്ചിയുടെ തൂണു തകര്‍ന്ന് മുതുകിന് പരിക്കേറ്റുവെന്നും എഴുന്നേല്ക്കാന് കഴിയുന്നില്ലെന്നും അഭിലാഷ് വെള്ളിയാഴ്ച വൈകിട്ട് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പത്ത് മണിക്കൂര്‍ നേരത്തേക്ക് വിവരമൊന്നുമില്ലാതിരുന്നത് ഏവരെയും ആശങ്കയിലാഴ്ത്തിയിരുന്നു. ശക്തമായ കാറ്റിലും തിരയിലും പെട്ടാണ് അഭിലാഷ് സഞ്ചരിച്ച പായ്വഞ്ചി അപകടത്തില്‍പെട്ടതെന്നാണ് സൂചന.ഇന്ന് രാവിലെ അഭിലാഷിന്റെ രണ്ടാമത്തെ സന്ദേശവും ലഭിച്ചിട്ടുണ്ട്.തന്റെ അടുത്തേയ്ക്ക് എത്താന്‍ പാകത്തിനുള്ള എല്ലാ വിവരങ്ങളും അഭിലാഷ് ഈ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അഭിലാഷിന്റെ പക്കലുള്ള സാറ്റ്ലൈറ്റ് റേഡിയോയും പ്രവര്‍ത്തന ക്ഷമമായത് ആശ്വാസമായി. നിലവിലെ സാഹചര്യത്തില്‍ അഭിലാഷ് പടിഞ്ഞാറന്‍ പെര്‍ത്തില്‍ നിന്നും 3,000 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നാണ് കരുതപ്പെടുന്നത്. 24 മണിക്കൂര്‍ സഞ്ചരിച്ചാലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിലാഷിന്റെ അടുത്തെത്താന്‍ കഴിയൂ എന്നാണ് കരുതപ്പെടുന്നത്.