കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് അറസ്റ്റ് വിവരം ബിഷപ്പിനെ അറിയിച്ചത്. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് അറിയിച്ചു.എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്‌ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്‌ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്‌ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.പല ചോദ്യങ്ങള്‍ക്കും മുമ്ബില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.കോട്ടയം എസ്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞ് നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നാംഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത്. നാലു ക്യാമറകളിലൂടെ ഇത് പകര്‍ത്തുകയും ചെയ്തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരുന്നു.