India, Sports

മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ് ശുപാർശ

keralanews arjuna award reccomendation for jinson johnson

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്കും മലയാളി അത്‌ലറ്റ് ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ 20 കായിക താരങ്ങള്‍ക്കു അര്‍ജുന അവാര്‍ഡിനും ശുപാർശ.ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റര്‍ വെള്ളിയും നേടിയ ജിന്‍സന്‍റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മ, ക്രിക്കറ്റ് പരിശീലകന്‍ തരക് സിന്‍ഹ എന്നിവരുള്‍പ്പടെ ഏഴു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ ബാഡ്മിന്‍റണ്‍ താരം കെ. ശ്രീകാന്തിനെ കൂടി ഖേല്‍ രത്ന പുരസ്കാരത്തിന് പരിഗണിക്കുമെന്നാണ് വിവരം. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാര തുക. മലയാളിയായ ബോബി അലോഷ്യസ്, ഭരത് ഛേത്രി (ഹോക്കി), സത്യ ദേവ പ്രസാദ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ പട്ടിക തയാറാക്കിയത്.

Previous ArticleNext Article