Technology

ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പുതിയ മൂന്നു ഐ ഫോൺ മോഡലുകൾ പുറത്തിറക്കി

keralanews apple launches three new iphone models with duel sim

ന്യൂഡൽഹി:ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ പുതിയ മൂന്നു ഐ ഫോൺ മോഡലുകൾ പുറത്തിറക്കി.ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഐഫോണ്‍ സീരിസിലെ പുതിയ അതിഥിയെ കഴിഞ്ഞ ദിവസം ആപ്പിള്‍ കമ്പനി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ബഡ്ജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഐഫോണ്‍ ടെണ്‍ ആര്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഡ്യൂവല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ടെണ്‍ എസ്, ഐഫോണ്‍ ടെണ്‍ എസ് മാക്‌സ് എന്നിവയ്‌ക്കൊപ്പം അടുത്ത തലമുറയില്‍ പെട്ട ആപ്പിള്‍ വാച്ചും കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച 10.30ന് കമ്പനി സി.ഇ.ഒ. ടിം കുക്ക്, സി.ഒ.ഒ. ജെഫ് വില്യംസ് എന്നിവര്‍ ചേര്‍ന്നാണ് പരിചയപ്പെടുത്തിയത്.

ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍

മൂന്നു മോഡലുകളില്‍ ഏറ്റവും പുതിയ ഐഫോണ്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ. ഐഫോണ്‍ എക്‌സിന്റെ മുന്‍ഭാഗവും ഐഫോണ്‍ 8ന്റെ പുറകുവശവും ചേര്‍ന്ന തരത്തിലുള്ളതാണ് പുതിയ മോഡല്‍. വലിയ ഫോണുകള്‍ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടുകൂടിയാണിത്.ഫോണ്‍ എക്‌സ് എസ് സീരീസുകളില്‍ നിന്നും വ്യത്യസ്തമായ അലൂമിനിയം കോട്ടിങ്ങാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ ആകര്‍ഷകമായ വിവിധ നിറങ്ങളിലും ലഭ്യമാണ്. കടും മഞ്ഞനിറം തൊട്ട് ഇളം പീച്ച്‌ നിറം വരെ ഈ നിരയില്‍ ലഭിക്കും. ഗോള്‍ഡ്, വെളുപ്പ്, കറുപ്പ്, നീല, കോറല്‍, മഞ്ഞ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഐഫോണ്‍ എക്സ് ആര്‍ അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഇതിന് കൂടുതല്‍ സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പവര്‍ ബാക്കപ്പില്‍ കോംപ്രമൈസ് ചെയ്യാതെയാണ് ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ വില കുറച്ചിരിക്കുന്നത് എന്നത് വളരെ ആശ്വാസകരമായൊരു കാര്യമാണ്. ഇന്ത്യയില്‍ 76,900 രൂപയാണ് ഇതിന്റെ വില. അതേസമയം യുഎസില്‍ കാര്യമായ വിലക്കുറവ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ആപ്പിള്‍ എക്‌സ് എസ്

ഐഫോണ്‍ എക്‌സിന്റെ നൂതന മോഡലാണ് ഐഫോണ്‍ എക്‌സ് എസ്. കാഴ്ചയിലും ഐഫോണ്‍ എക്‌സിനോട് അത്രമേല്‍ സാമ്യമുണ്ട് എക്‌സ് എസിന്. ഡിസൈനില്‍ പോലും പറയത്തക്ക മാറ്റങ്ങള്‍ വരുത്താത്ത എസ് സീരീസ് ഫോണ്‍ തന്നെയാണിത്. റെറ്റിനാ ഡിസ്‌പ്ലേയിലും സ്പീക്കറിന്റെ ക്വാളിറ്റിയിലും കൂടുതല്‍ മികച്ച മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 12 മെഗാപിക്‌സല്‍ ഡുവല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ന്യൂട്രല്‍ എഞ്ചിനുമായി ചേര്‍ന്ന് ചിത്രങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്താന്‍ ഇതിന് സാധിക്കും. പോര്‍ട്രെയ്റ്റ് മോഡിലെടുത്ത ചിത്രത്തിനെ അസാധ്യമാം തരത്തില്‍ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്.

ഐഫോണ്‍ എക്‌സ് എസ് മാക്‌സ്

ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ഐഫോണാണിത്. 6.5 ഇഞ്ച് സ്‌ക്രീനാണിതിന്. 208 ഗ്രാം ഭാരമുണ്ട്. അതായത് ഐഫോണ്‍ എക്‌സ്‌എസിനെക്കാള്‍ 31 ഗ്രാം കൂടുതല്‍. വലുപ്പക്കൂടുതലുണ്ടെങ്കിലും ഉപയോഗിക്കാന്‍ പ്രയാസം അനുഭവപ്പെടില്ല.ഐഫോണ്‍ എക്‌സ് എസിന്റെ എക്‌സ്‌റ്റേണല്‍ ഫീച്ചേഴ്‌സ് തന്നെയാണ് എക്‌സ് എസ് മാക്‌സിനുമുള്ളത്. എന്നാല്‍ വീഡിയോ കാണുമ്ബോഴോ വെബ്‌സൈറ്റുകള്‍ തുറന്നു വായിക്കുമ്ബോഴോ ഇതിന്റെ ക്വാളിറ്റിയിലും സ്‌ക്രീനിന്റെ വലുപ്പത്തിലുമുള്ള വ്യത്യാസം അനുഭവപ്പെടും.മാത്രമല്ല, മറ്റ് ഐഫോണുകളെ അപേക്ഷിച്ച്‌ ബാറ്ററി ക്വാളിറ്റിയും ഒരുപാട് കൂടുതലാണ്. ഐഫോണ്‍ എക്‌സിനെക്കാള്‍ 90 മിനിറ്റ് കൂടുതലാണ് ബാറ്ററി ടൈം എന്നാണ് കമ്പനിയുടെ  അവകാശവാദം.

 

Previous ArticleNext Article