കണ്ണൂർ:പയ്യാമ്പലത്ത് കടൽ ഉൾവലിയുന്നത് ആശങ്കയ്ക്കിടയാക്കുന്നു.ഇന്നലെ വൈകുന്നേരം വേലിയിറക്ക സമയത്താണ് കടൽ 50 മുതൽ 75 മീറ്ററോളം ഉള്ളിലേക്ക് പോയത്.മുൻ വർഷങ്ങളിൽ നവംബര്,ഡിസംബർ,ജനുവരി മാസങ്ങളിൽ കടൽ ഉൾവലിയുന്നത് സാധാരണ കാണാറുണ്ട്.എന്നാൽ സെപ്റ്റംബർ മാസത്തിൽ ഇങ്ങനെ സംഭവിക്കാറില്ല. സാധാരണയുള്ളതിന്റെ ഇരട്ടിയോളമാണ് കടലിന്റെ ഉൾവലിവെന്ന് പയ്യാമ്പലത്തെ ലൈഫ് ഗാർഡ് ഇ.ശ്രീജിത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം ആലുവയിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു.കടലിൽ കാലാവസ്ഥയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും കടുത്ത വേനൽക്കാലത്തെ ചൂടാണ് അനുഭവപ്പെടുന്നതെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു.ചൂടുകാരണം മൽസ്യങ്ങൾ കരഭാഗത്തേക്ക് വരാത്ത സ്ഥിതിയാണ്.സാധാരണ നിലയിൽ മിഥുനവും കർക്കിടകവും കഴിഞ്ഞാൽ കടലിന്റെ ഇളക്കം കുറയാറുണ്ട്.എന്നാൽ ഇപ്പോൾ ചിങ്ങമാസമായിട്ടുകൂടി കടൽകോൾ കുറഞ്ഞിട്ടില്ലെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു.ഇതിന്റെയൊക്കെ ഭാഗമായിരിക്കും കടൽ ഉൾവലിയുന്ന പ്രതിഭാസമെന്നും ഇവർ പറഞ്ഞു.