കാസർഗോഡ്:കണ്ണൂർ വിമാനത്താവളത്തിന് പിന്നാലെ കാസർകോഡ് എയർ സ്ട്രിപ്പ് നിർമിക്കാനും ആലോചന.വലിയ റൺവെ ഇല്ലാതെ തന്നെ ഇറങ്ങാവുന്ന ചെറിയ വിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ ഉള്ളത്.പദ്ധതിയെ കുറിച്ച് സാധ്യത പഠനം നടത്താൻ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രെട്ടറി കെ.ആർ ജ്യോതിലാലിന്റെ നേതൃത്വത്തിൽ സമിതി രൂപവൽക്കരിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കാസർഗോഡ് ജില്ലാ കലക്റ്റർ,ബേക്കൽ റിസോർട് വികസന കോർപറേഷൻ എംഡി,ധനവകുപ്പിന്റെയും കൊച്ചിൻ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി.ബേക്കൽ ടൂറിസം വികസനത്തിന്റെ സാദ്ധ്യതകൾ കൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമാണത്തിന് നടപടികൾ ആരംഭിക്കുന്നത്.ഏതാനും വർഷങ്ങൾ മുൻപ് തന്നെ ബേക്കലിൽ എയർ സ്ട്രിപ്പ് നിർമിക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയിരുന്നില്ല.എന്നാൽ കണ്ണൂർ വിമാനത്താവളം വരുന്നതോടെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് കാസർകോഡ് എയർ സ്ട്രിപ്പ് പദ്ധതിക്ക് വീണ്ടും തുടക്കമാകുന്നത്.കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ എയർ സ്ട്രിപ്പ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിനു ഏകദേശം 80 ഏക്കർ സ്ഥലം ആവശ്യമായി വരും. 25 മുതൽ 40 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ള എയർ സ്ട്രിപ്പിൽ റൺവേയും ചെറിയ ഒരു ഓഫീസും മാത്രമാണ് ഉണ്ടാവുക.