തിരുവനന്തപുരം:സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഭാരത് ബന്ദ് ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായി. ഇരു ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസി, ഓട്ടോറിക്ഷ സര്‍വീസുകള്‍ പ്രതിസന്ധിയിലാകും. ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വ്യാപാരി സമൂഹത്തെയായതിനാലാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്നാണ് സംഘടനയുടെ വാദം. ഹര്‍ത്താലിന് ഔദ്യോഗികമായി പിന്തുണയില്ലെന്നാണ് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപാരശാലകള്‍ തുറന്നിട്ടും കാര്യമില്ലെന്നും അടച്ചിടാനുമാണ് സംഘടനയുടെ തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ഹര്‍ത്താല്‍ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി ബിഎംഎസ് രംഗത്തെത്തിയിട്ടുണ്ട്.