കണ്ണൂർ:മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടിൽ കവർച്ച നടത്തിയ സംഘത്തെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കവർച്ചയ്ക്ക് പിന്നിൽ മറുനാട്ടുകാരായ വൻ സംഘമാണെന്നാണ് സൂചന.ഡിവൈഎസ്പി സദാന്ദന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.കണ്ണൂർ ടൌൺ,സിറ്റി സിഐ മാറും മൂന്നു എസ്‌ഐമാരും സംഘത്തിലുണ്ട്.ഇവർ ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.മറുനാടൻ തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും.ജില്ലയിലെ ലോഡ്ജുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കും.കവർച്ച നടന്ന വീടിനു 100 മീറ്റർ അകലെ റോഡിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒരു ഇൻഡിക്ക കാർ പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മോഷ്ട്ടാക്കൾ രക്ഷപെടാൻ ഉപയോഗിച്ച കാറാണിതെന്നാണ് പ്രാഥമിക നിഗമനം.
വിനോദ് ചന്ദ്രൻ താമസിക്കുന്ന വീടിന്റെ വാതിൽ വലിയ മരക്കഷ്ണം ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷ്ട്ടാക്കൾ അകത്തുകടന്നത്.കവർച്ചയ്ക്ക് മുൻപേ ഇവർ വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു.ആയുധങ്ങളുമായാണ് ഇവരെത്തിയത്.കണ്ണൂരിൽ അധികം പരിചയമില്ലാത്ത കവർച്ചാരീതിയാണിത്.ഇതാണ് മോഷണത്തിന് പിന്നിൽ മറുനാടൻ സംഘമാണെന്ന് സംശയിക്കാൻ കാരണം.മോഷ്ട്ടാക്കൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് വിനോദ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.വീട്ടിലെ അലമാരകളെല്ലാം തകർത്ത് കവർച്ച നടത്തിയ സംഘം പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണവും മൂന്നു മൊബൈൽ ഫോണുകൾ, എടിഎം കാർഡുകൾ എന്നിവയും കൊണ്ടുപോയി.രണ്ടുമണിക്കൂറോളം നേരം ഇവർ വീട്ടിലുണ്ടായിരുന്നു. ഭാര്യയെ കൊല്ലാതെ വിടണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്ന് മോഷ്ട്ടാക്കൾ ആവശ്യപ്പെട്ടിരുന്നതായി വിനോദ് ചന്ദ്രൻ പറഞ്ഞു.മോഷണത്തിന് ശേഷം കാർ വിളിച്ചുവരുത്തി അതിലാണ് ഇവർ രക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ പുറത്തും ഇവരുടെ സംഘം ഉണ്ടായിരുന്നതായാണ് സംശയം.മോഷ്ട്ടാക്കൾ പോയതിനു ശേഷം ഏറെപണിപ്പെട്ട് തന്റെ കയ്യിലെ കെട്ടഴിക്കാൻ വിനോദിന് സാധിച്ചത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.കയ്യിലെ കെട്ടഴിച്ച വിനോദ് മോഷണ വിവരം പോലീസിലും മാതൃഭൂമി ഓഫീസിലും അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ വിനോദിനെയും ഭാര്യയെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.