കൊട്ടിയൂർ:തകർന്ന കണ്ണൂർ വയനാട് പാൽചുരം റോഡ് പുനർനിർമിക്കുന്നതിനായി അടച്ചു.പാൽച്ചുരം, ബോയ്സ് ടൗൺ വഴി വയനാട്ടിലേക്ക് പോകുന്ന റോഡാണ് കലക്ടറുടെ നിർദേശപ്രകാരം അടച്ചത്. കലക്ടർ നേരിട്ടെത്തി പാൽച്ചുരം റോഡിന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു. അമ്പായത്തോടുനിന്ന് ബോയ്സ് ടൗൺവരെയുള്ള ആറു കിലോമീറ്റർ റോഡിൽ കനത്ത മഴയിൽ 14 ഇടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഏഴ് സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് താഴ്ചയിലേക്ക് വീണിട്ടുമുണ്ട്. രണ്ടിടങ്ങളിലായി നൂറുമീറ്ററിലേറെ ദൂരത്തിൽ റോഡിന് വിള്ളലുണ്ടായി.പി.ഡബ്ല്യൂ.ഡി ചുരം ഡിവിഷന്റെ കീഴിൽ പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പ് വരുത്തിയശേഷംമാത്രം റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം.മഴ കുറഞ്ഞതോടെ ചെറുവാഹനങ്ങൾക്ക് ഇതിലൂടെ പോകാൻ സൗകര്യമൊരുക്കിയിരുന്നു.സ്കൂൾ കുട്ടികൾക്ക് പോകുന്നതിനും വരുന്നതിനും അവർ വരുന്ന സമയത്ത് റോഡ് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അറിയിച്ചു.