ഇരിട്ടി:ഇരിട്ടിയിൽ ലീഗ് ഓഫീസിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.മുസ്ലിം ലീഗ് ഓഫീസിൽ കെട്ടിടമായ സി എച്ച് സൗധത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവിടെ നിന്നും ബോംബുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.ഇതേ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.ഇതിനായി ഇരിട്ടി സി ഐ രാജീവൻ വലിയവളപ്പ്, എസ്‌ഐ പി.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ലീഗ് ഓഫീസ് ഭാവവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സ്ഫോടനത്തിന്റെ സ്വഭാവവും സ്ഫോടനം നടന്ന സ്ഥലം കൃത്യമായി ഉറപ്പാക്കുന്നതിനുമായി പോലീസ് സയന്റിഫിക് ഓഫീസർ ശ്രുതിലേഖയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.അത്യുഗ്ര ശേഷിയുള്ള ഒന്നിലധികം ഐസ്ക്രീം ബോംബുകളാണ് പൊട്ടിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഇതുസംബന്ധിച്ചുള്ള കൃത്യമായ പരിശോധന റിപ്പോർട്ട് വിദഗ്ദ്ധസംഘം അടുത്ത ദിവസം അന്വേഷണ സംഘത്തിന് കൈമാറും. സ്ഫോടനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലീഗ് ഓഫീസിന്റെ കോൺഫെറൻസ് ഹാളിന്റെ സമീപത്തു നിന്നും ഉഗ്രശേഷിയുള്ള മൂന്നു നാടൻ ബോംബുകളും മൂന്നു വടിവാളും ആറ് ഇരുമ്പ് ദണ്ഡുകളും രണ്ട് മരദണ്ഡുകളും പിടികൂടിയിരുന്നു.സ്ഫോടനം നടന്നത് ലീഗ് ഓഫീസിൽ കെട്ടിടമായ സി എച്ച് സൗധത്തിൽ നിന്നാണെന്ന് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.ഇക്കാര്യം സയന്റിഫിക് ഓഫീസറും സ്ഥിതീകരിച്ചു. സംഭവത്തിൽ ലീഗ് ഓഫീസ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം സ്ഫോടനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.സ്ഫോടനം നടന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം നൂറിലധികംപേരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്തിയിരുന്നു.അതുകൊണ്ടു തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.