Kerala, News

പ്രളയക്കെടുതി;രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

keralanews flood rescue processes progressing

തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് എത്തും. അവ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്ബുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്രസേനകളുടെ ബോട്ടുകള്‍ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ളവയും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. വെള്ളപ്പൊക്കവും കെടുതികളും ശക്തമായതോടെ തൃശൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആലുവയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതാണ് ഭീഷണിയുയര്‍ത്തുണ്ട്. ആലുവ ഭാഗത്ത് ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍ പറവൂര്‍ കവല ഭാഗത്തും വെള്ളംകയറിയിട്ടുണ്ട്.എറണാകുളവും പത്തനംതിട്ടയും കഴിഞ്ഞാല്‍ തൃശൂരിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്.

Previous ArticleNext Article