തിരുവനന്തപുരം:സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു.വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ശക്തമാകുകയാണ്. വീടുകളില്‍ സഹായം ലഭിക്കാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടി ഏഴുപേർ മരിച്ചു.ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നുവീടുകൾ ഒലിച്ചുപോയി. കോഴിക്കോട് മാവൂര്‍ ഊര്ക്കടവില് വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കൂടരഞ്ഞിയില്‍ പനയ്ക്കാച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കല്‍പ്പിനി തയ്യില്‍ പ്രകാശിന്റെ മകന് പ്രവീൺ (10) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശ്ശൂര്‍ വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിലിലും ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. നിഷ(26) ആണ് മരിച്ചത്. കനത്ത മഴ മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നാശം വിതച്ചിട്ടുണ്ട്. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ എറണാകുളം – ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിറുത്തിവച്ചു. തിരുവനന്തപുരത്തേക്കുള്ള പല ട്രെയിനുകളും പാലക്കാട് വരെ മാത്രമെ സര്‍വീസ് നടത്തുന്നുള്ളൂ. കൊച്ചി മെട്രോ സര്‍വീസുകള്‍ നിറുത്തിവച്ചു. കൊച്ചി നഗരപ്രദേശത്ത് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചില്ല. എന്നാലിവിടെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. കൊച്ചിയുടെ ഉള്‍പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. ആലുവ – അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതവും തടസപ്പെട്ടു.