Kerala, News

ശബരിമലയും പമ്പയും ഒറ്റപ്പെട്ടു;ഭക്തർ യാത്ര ഒഴിവാക്കണമെന്ന് കർശന നിർദേശം

keralanews sabarimala and pamba isolated strict advice to devotees to avoid travel to sabarimala

പത്തനംതിട്ട:കനത്ത മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ ശബരിമയും പമ്പയും പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായി.ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലായി.പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും ഉണ്ട്.പത്തനംതിട്ടയിലെ കൊച്ചു പമ്പ,മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പമ്പയിലേക്കുള്ള ബസ്സ് സര്‍വ്വീസ് കെ.എസ് ആര്‍ ടി സി നിറുത്തിവച്ചു. പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്‌ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും പമ്ബയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദര്‍ശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. പമ്ബയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ് .ഇവരുടെ ബന്ധുക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Previous ArticleNext Article