Kerala, News

അധ്യാപകന്റെ മാനസിക പീഡനം;നിഫ്റ്റിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews mental torturing of teacher students tried to commit suicide in nift campus

തളിപ്പറമ്പ്:അധ്യാപകൻ മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ധര്മശാല നിഫ്റ്റിൽ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി)വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.മൂന്നാം വർഷ വിദ്യാർത്ഥിനിയെയാണ് അമിതമായി ഗുളിക കഴിച്ച നിലയിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.താമസസ്ഥലത്തുവെച്ച് ഗുളിക കഴിച്ച വിദ്യാർത്ഥിനി വിവരം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ സുഹൃത്തുക്കൾ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. റാന്‍ടെക് എന്ന ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.അപകടനില തരണം ചെയ്തിട്ടുണ്ട്. നിഫ്റ്റിലെ അധ്യാപകനായ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലം എന്ന അധ്യാപകന്റെ പീഡനം സഹിക്കാനാവാതെയാണ് അത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഈ അധ്യാപകനെ പറ്റി എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പരാതിയുണ്ടെങ്കിലും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭയന്ന് പരസ്യമായി പ്രതികരിച്ചിരുന്നില്ലത്രേ.

അതേസമയം ശനിയാഴ്ച വൈകുന്നേരം ഒരുസംഘം ആളുകളെത്തി നിഫ്റ്റ് ക്യാമ്പസ്സിന് നേരെ ആക്രമണം നടത്തി.പ്രകടനമായെത്തിയ ഇവർ ക്യാമ്പസ്സിൽ കയറി ഗ്ലാസുകളും പൂച്ചെടികളും അടിച്ചു തകർത്തു.അഞ്ചുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.ആരോപണവിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ അക്രമം നടത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.നിഫ്റ്റ് ഡയരക്ടര്‍ ഡോ. ഇളങ്കോവന്‍ തളിപ്പറമ്പ് പോലീസിന് നല്‍കിയ പരാതി പ്രകാരമാണ് കേസ്.

Previous ArticleNext Article