തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകവാവ്. പിതൃസ്മരണയില്‍ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ബലിതര്‍പ്പണം നടത്തുന്നത്. പുലര്‍ച്ചയോടു കൂടി തന്നെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ബലിച്ചോറുണ്ണാന്‍ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് അവര്‍ ബലിച്ചോര്‍ നിവേദിച്ചു. പ്രതികൂല സാഹചര്യത്തിലും ആയിരങ്ങള്‍ ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തി. ക്ഷേത്രത്തിന്റെ ഭാഗം വെള്ളം മുങ്ങിയതിനാല്‍ ശിവരാത്രി മണപ്പുറത്തെ ബലിതര്‍പ്പണം മണപ്പുറം റോഡിലാണ് നടത്തുന്നത്.വെള്ളം ഉയര്‍ന്നതിനാല്‍ പെരിയാറില്‍ മുങ്ങി നിവരാന്‍ പൊലീസ് അനുവദിക്കില്ല. പകരം ബലി വെള്ളത്തില്‍ ഒഴുക്കി വിടാന്‍ അവസരം നല്‍കി. ബലിതര്‍പ്പണത്തിനെത്തുന്ന വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്.ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്.തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാപനാശം കടപ്പുറത്ത് വെള്ളിയാഴ്ച രാത്രി ഏഴുമുതലും മറ്റിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയും പിതൃതര്‍പ്പണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.27 വരെ ബലിതര്‍പ്പണം തുടരും. തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിയിടാന്‍ തിരക്കുള്ളത്. വര്‍ക്കല ശിവഗിരി, ആറ്റിങ്ങല്‍ പൂവമ്ബാറ ക്ഷേത്രം, കൊല്ലമ്ബുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളില്‍ പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം തുടങ്ങി.ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായിലും വിപുലമായി തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.