Kerala, News

ഉരുൾപൊട്ടലും വെള്ളപ്പൊക്കവും;കണ്ണൂരിൽ ഇരുനൂറിലേറെ വീടുകളിൽ വെള്ളം കയറി;ഒരുകോടിയിലേറെ രൂപയുടെ കൃഷി നാശം

keralanews land slide and flood in kannur rivers overflowed the destruction of crops worth more than one crore

കണ്ണൂർ:കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും കണ്ണൂർ ജില്ലയിൽ കനത്ത നാശനഷ്ടം.ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. അയ്യങ്കുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇരിട്ടി താലൂക്കില്‍ ആറും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതിനിടെ, വയനാട് വഴിയുള്ള പാതകള്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഒരുക്കി.വയനാട് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി എഡിഎം ഇ മുഹമ്മദ് യൂസഫ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ട ബസ് യാത്രക്കാരാണ് വയനാട് തലപ്പുഴ ഭാഗത്ത് കുടുങ്ങിയത്.കനത്ത മഴയിലും ഉരുൾപൊട്ടലിലും ഇരിട്ടി മേഖലയിൽ മാത്രം 75 വീടുകളാണ് നശിച്ചത്.ബുധനാഴ്ച പത്തിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനു പുറമെ വ്യാഴാഴ്ച നാലിടങ്ങളിൽ കൂടി ഉരുൾപൊട്ടി.മേഖലയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.നൂറുകണക്കിന് ഏക്കറിലെ കൃഷിയും നശിച്ചു.ആറളം,അയ്യങ്കുന്ന് പഞ്ചായത്തുകളിലായി ഇരുപത്തഞ്ചോളം റോഡുകൾ തകർന്നു. ദുരന്തനിവാരണത്തിനായി സൈന്യവും രംഗത്തിറങ്ങി.ഡി എസ് സി ബറ്റാലിയൻ ജെ.സി.ഒ വിനോദ് കണ്ണോത്തിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘത്തെയും 122 ടി.എ ബറ്റാലിയനിലെ കമാൻഡൻറ് കെ.കെ സിംഹയുടെയും നേതൃത്വത്തിലുള്ള 25 പേരെയുമാണ്  ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്.

Previous ArticleNext Article