തിരുവനന്തപുരം:കലിയടങ്ങാതെ പെയ്യുന്ന കാലവർഷത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 22 മരണം. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. അടിമാലിയില്‍ മാത്രം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്ബാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു.ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.പാലക്കാട് നഗരത്തില്‍ വെള്ളം കയറി.മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് – ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മുപ്പതോളം വീടുകള്‍ തകര്‍ന്നു. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 500ഓളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. തളിപ്പരം, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.