ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ എത്തിച്ചത്. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാന്‍ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും ഒഴുക്കാണ്.മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീര്‍ സെല്‍വം, നടന്‍ രജനികാന്ത് തുടങ്ങിയവര്‍ പുലര്‍ച്ചെ തന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആളുകള്‍ രാജാജി ഹാളിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. വൈകിട്ടോടെ കരുണാനിധിയുടെ സംസ്കാരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അന്ത്യവിശ്രാസ്ഥലത്തെ ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. മറീന ബീച്ചില്‍ അണ്ണാ സമാധിയോട് ചേര്‍ന്ന് അന്ത്യവിശ്രം ഒരുക്കണമെന്ന ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ രാത്രി 11 മണിക്ക് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബുധനാഴ്ച രാവിലെ 8 മണിക്ക് വീണ്ടും വാദം തുടങ്ങും.