ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ കോളജ് വിദ്യാര്‍ഥി ആര്‍ഷ, പ്ലസ് ടു വിദ്യാര്‍ഥി ആദര്‍ശ് എന്നിവരെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നു സംശയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതിനാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനും ഫൊറന്‍സിക് സംഘത്തിനും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്നും മന്ത്രവാദത്തിനായി ദൂരദേശങ്ങളില്‍നിന്നു പോലും ആളുകള്‍ കൃഷ്ണനെ തേടി എത്തിയിരുന്നതായും കൃഷ്ണന്റെ സഹോദരനും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.വീട്ടിലെ ജനാലകളും വെന്റിലേഷനുകളുമെല്ലാം വായുസഞ്ചാരം പോലും കടക്കാത്ത വണ്ണം ഷീറ്റ് ഉപയോഗിച്ച് അടച്ചുകെട്ടിയ നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്നു പൊലീസ് പറയുന്നു. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഉണ്ടായ മുന്‍വൈരാഗ്യം മൂലം ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും സംശയിക്കുന്നു.കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. കൃഷ്ണന്‍ കൈയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു.കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. കൃഷ്ണന്റെയും മകന്‍ ആദര്‍ശിന്റെയും തലയില്‍ പരുക്കുണ്ട്. ആര്‍ഷയുടെ പുറത്ത് മാരകമായ മുറിവുകളാണ്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേല്‍പ്പിച്ച നിലയിലാണ്.മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പോലീസ്.