കണ്ണൂർ:തയ്യിൽ കടപ്പുറത്ത് കലേറ്റം രൂക്ഷം.തിങ്കളാഴ്ച ഉച്ചയോടെ കൂറ്റൻ തിരമാലകൾ കടൽഭിത്തി ഭേദിച്ച് തീരത്തേക്ക് കയറി.സമീപത്തുള്ള വീടുകളിലേക്കും വെള്ളമെത്തി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ കടലേറ്റമാണിതെന്ന് നാട്ടുകാർ പറഞ്ഞു.കടൽഭിത്തി ഭേദിച്ച് സമീപത്തെ റോഡിലേക്ക് വരെ എത്തിയ വെള്ളത്തോടൊപ്പം നിരവധി പ്ലാസ്റ്റിക് മാലിന്യവും തീരത്തടിഞ്ഞു.കടുത്ത ഭീതിയിലാണ് ഇവിടുത്തെ സ്ഥലവാസികൾ കഴിയുന്നത്. കടൽഭിത്തിക്ക് പകരം കടലിലേക്ക് ചെരിച്ച് കരിങ്കല്ലുകളിട്ടുള്ള കാൽനാട്ടൽ നടത്തിയാലേ ഇവിടുത്തെ കടലേറ്റ ഭീഷണി ഒഴിവാക്കാനാകൂ എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.അധികൃതർ ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും ഇവർ അഭിപ്രായപ്പെട്ടു.