കണ്ണൂർ:കണ്ണൂർ താണയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി പി അബ്ദുര്‍ റഊഫ് മുസ്ലിയാര് (60) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെടെ കണ്ണൂര്‍ ക്യാപ്പിറ്റൽ മാളിന് സമീപത്താണ് അപകടം നടന്നത്.ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്.സാരമായ പരിക്കേറ്റ റഊഫ് മുസ്ലിയാരെ കണ്ണൂര്‍ കൊയ്ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായ മറ്റുളളവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സുന്നി സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായിരുന്ന റഊഫ് മുസ്ലിയാര് തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ടായിരുന്നു. 1987-88 കാലഘട്ടത്തില്‍ കാസര്‍കോട് സഅദിയ്യ ബോഡിംഗ് മദ്രസ മാനേജറായിരുന്നു. പാനൂര്‍ മോന്താല്‍ ജുമുഅ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്ബ് ബാഫഖി മദ്റസ, ബെംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തിരുന്നു.ഭാര്യ:സഫിയ.മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്സ് ആന്‍ഡ് കോമേഴ്സ് കോളജ് അഡ്മിനിസ്ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്നോക്, അബുദാബി),സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്കൂള്‍ വിദ്യാര്‍ത്ഥിനി).