തൊടുപുഴ:ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.ഞായറാഴ്ച രാവിലെ ജലനിരപ്പ് 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയില്‍ പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടര്‍ന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത് . മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താല്‍ ഒരാഴ്ചയ്ക്കകം ഡാം തുറക്കാന്‍ സാധ്യതയുണ്ട്.ശനിയാഴ്ച വൈകുന്നേരം വരെ 2,393.32 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാന്‍ കാക്കാതെ 2,397 അടിയിലെത്തുമ്പോൾ നിയന്ത്രിത അളവില്‍ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.ഡാം തുറക്കേണ്ടി വന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍, സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ഡാമിന്‍റെ താഴെ മുതല്‍ കരിമണല്‍ വരെയുള്ള 30 കിലോ മീറ്ററോളം റവന്യൂ സംഘം സര്‍വ്വെ നടത്തി. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.