കണ്ണൂർ:ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡിൽ പ്രവേശനം തുടങ്ങി.ഗർഭിണികൾക്കും പ്രസവാനന്തര ചികിത്സയ്‌ക്കെത്തുന്നവർക്കുമാണ് ഇവിടെ പ്രവേശനം.മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ത്രീരോഗ വിഭാഗം, ശിശുരോഗവിഭാഗം ഓ.പി,അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യുണിറ്റ്, കുടുംബാസൂത്രണ ചികിത്സ യുണിറ്റ് എന്നിവയും ഒന്നാം നിലയിൽ പ്രസവാനന്തര ചികിത്സയ്ക്കുള്ള യൂണിറ്റ്,രണ്ടാം നിലയിൽ നവജാത ശിശുക്കളുടെ യൂണിറ്റ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.ഇതിൽ സ്ത്രീ രോഗ-ശിശുരോഗ വിഭാഗം ഒപികൾ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു.എന്നാൽ ആവശ്യത്തിന് ഫർണിച്ചറുകൾ എത്താത്തതിനാൽ ഉൽഘാടനം കഴിഞ്ഞിട്ടും വാർഡിന്റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല.സ്ത്രീകളുടെ വാർഡിൽ 50 കട്ടിലുകളും കുട്ടികളുടെ വാർഡിൽ 30 കട്ടിലുകളുമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. കട്ടിലിനു സമീപത്തായി ഭക്ഷണം കഴിക്കുന്നതിനുള്ള സജ്ജീകരണം,വസ്ത്രങ്ങളും പണവും സൂക്ഷിക്കാൻ കട്ടിലിനോട് ചേർന്ന് അലമാര എന്നിവയും ഒരുക്കിയിട്ടുണ്ട്. ചക്രം ഘടിപ്പിച്ച കട്ടിലുകളായതിനാൽ മുറി ശുചീകരിക്കുന്നതിന് എളുപ്പമായിരിക്കും.ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.